തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്നും എന്നാൽ കെഎംഎസ്സിഎൽ സംഭരണകേന്ദ്രങ്ങളിൽ ചില മരുന്നുകൾക്ക് കുറവുണ്ടെന്നും ആരോഗ്യവകുപ്പ്. മരുന്നിന്റെ കുറവ് സംബന്ധിച്ച റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
മരുന്നുകളുടെ പർച്ചേസ് ഓർഡറുകൾ അടിയന്തരമായി പൂർത്തിയാക്കാൻ കെഎംഎസ്സിഎല്ലിന് നിർദേശം നൽകി. ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളിൽ നിന്ന് മരുന്ന് എത്തിക്കുന്നതും പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കാനും മന്ത്രി നിർദേശം നൽകി.
താഴെത്തട്ടിലുള്ള ആശുപത്രികളിലെ മരുന്ന് ലഭ്യത കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രി നിർദേശങ്ങൾ നൽകിയത്. പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ വീടുകളിലെത്തി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വീടുകൾ നേരിട്ട് സന്ദർശിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.